സാഹസിക വിനോദം; അനുമതിയ്ക്ക് ജില്ലാ തലത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം



ഇടുക്കി: സാഹസിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കാൻ ജില്ലാ തലത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചായിരിക്കും സമിതി രൂപീകരിക്കുകയെന്ന് ജില്ലാ കളക്ടർ ദിനേശൻ ദിനേശൻ ചെറുവാട്ട് പറഞ്ഞു.

 ജില്ലയില്‍ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ ഒരു ലിസ്റ്റ് ഉണ്ടാകാനാണ് ആദ്യം ശ്രമിക്കുന്നത്. ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. അനുമതിയില്ലെന്ന് കണ്ടെത്തിയാല്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആനച്ചാലില്‍ സ്‌കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയാണെന്ന് കളക്ടർ പറഞ്ഞു.

ലിസ്റ്റില്‍ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല. അക്കാര്യം സംബന്ധിച്ച്‌ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.

ഇത്തരത്തിലുള്ള സാഹസിക വിനോദ കേന്ദ്രങ്ങള്‍ നടത്തുമ്ബോള്‍ ദുരന്ത നിവാരണ സേനയുടെ കീഴില്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചാല്‍ അത് ഉചിതമാകും. വെള്ളിയാഴ്ചയാണ് ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം കുടുങ്ങികിടന്നത്. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്.

സാഹസിക വിനോദങ്ങളുടെ പട്ടികയിലില്ലാത്തതിനാല്‍ ടൂറിസം വകുപ്പിന് സ്കൈ ഡൈനിംഗ് സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനാകില്ല. സ്‌കൈ ഡൈനിംഗ് നിലവില്‍ സാഹസിക ടൂറിസം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങള്‍ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കിയിട്ടില്ലെന്നും നിലവില്‍ ടൂറിസം വകുപ്പിന് നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇടുക്കിയില്‍ ഇത്തരത്തിലുളള ഒരേയൊരു സംരംഭമാണ് ആനച്ചാലിലേത്. സംസ്ഥാനത്ത്, ബേക്കലിലുള്‍പ്പെടെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് സ്‌കൈ ഡൈനിംഗ് എന്ന സാഹസിക വിനോദം നിലവിലുളളത്. ഇത്തരം വിനോദങ്ങളുടെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംവിധാനമില്ലാത്തതിനാല്‍ പഞ്ചായത്ത് അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവുണ്ട്. അതേസമയം, അനുമതി നല്‍കേണ്ട അധികാരികള്‍ ഇതിന് വേണ്ട ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുമില്ലെന്നതാണ് വൈരുദ്ധ്യം.

Post a Comment

Previous Post Next Post